Tuesday, 8 September 2009

മനസ്സിലെ നോമ്പുകാലം -ബാല്യ കാല ഓര്‍മകള്‍

നോമ്പ് എന്ന് കേള്‍ക്കുമ്പോഴെ മനസ്സില്‍ ഓടിയെത്തുക നോമ്പ് തുറയാണ്. കാരണം പല വിധ ഐറ്റംസ് ഭക്ഷണങ്ങള്‍ പിന്നെ നോമ്പ് കാലത്തല്ലാതെ മറ്റെന്നാണ് കിട്ടുക. തരിക്കഞ്ഞി, പൂരി, ഇറച്ചിയും വായക്കയും (പച്ചക്കായ), പാല്‍ വായ്ക്ക (പാലും നേന്ത്രപ്പഴം കൂടിയുള്ള പലഹാരം ) , ഇഷ്ടം പോലെ പത്തിരി, സമൂസ, കട്ലറ്റ് , കോഴിക്കറി, അത്യാവശ്യം എല്ലാ പഴങ്ങളും എല്ലാം നോമ്പ് കാലത്താണ് സുലഭം. അല്ലാത്ത കാലത്ത് വല്ല വിരുന്നോ മറ്റൊ ഉണ്ടായാല്‍ കിട്ടൂം പക്ഷെ കുട്ടികള്‍ക്ക് സ്വാതന്ത്യ ദിനത്തിലെ മിഠായി വിതരണം പേരിന് എന്തെങ്കിലും കിട്ടിയെങ്കിലായി. പക്ഷെ നോമ്പ് ആയാല്‍ ഇതിലൊക്കെ അല്പം മാറ്റം വരും. നോമ്പ് തുറയാണെങ്കില്‍ പിന്നെ പറായുകയും വേണ്ട. എല്ലാം ഇഷ്ടം പോലെ. കുട്ടികള്‍ക്ക് നോമ്പീല്ലാത്തത് കൊണ്ട് പിറ്റേന്ന് രാവിലെയും ബാക്കിയുള്ളത് തിന്നാം. മിക്കവാറും പത്തിരിയും പോത്ത് കറിയും ആണ് ബാക്കിയുണ്ടാവുക, ചിലപ്പോള്‍ പോത്ത് ‘വെരട്ടിയതും’ ഉണ്ടാകും (വെള്ളം കുറച്ച് ബീഫ് പാകം ചെയ്തത് ). നോമ്പ് തുറ കഴിഞ്ഞ് രാവിലേക്ക് പത്തിരി അല്പം ഗുണ്ടായിസം പുറത്തെടുക്കും തലേന്നത്തെ മാര്‍ദ്ദവം കാണില്ല. തൊട്ടാ‍ല്‍ പൊട്ടിപ്പോകും , പക്ഷെ അതൊന്നും പ്രശ്നമല്ല കിട്ടിയത് തിന്നുകയല്ലാ‍തെ വേറെ രക്ഷയില്ല, നേരം ഉച്ച കഴിയാതെ അടുപ്പില്‍ തീ പുകയില്ല.അതാണ് നോമ്പ് കാലം. കുറച്ച് വലുതായതോടെ ഇടക്കൊക്കെ നോമ്പ് നോല്‍ക്കാന്‍ തുടങ്ങി. ഇടവിട്ട് ദിവസങ്ങളില്‍ മാത്രം. പക്ഷെ എന്നും നോമ്പുകാരന്റെ ഗമയിലാണ് നടാത്തം. അടുത്ത വീട്ടിലോ മറ്റോ നോമ്പ് തുറക്ക് വിളീച്ചാല്‍ നോമ്പില്ലെങ്കിലും നോമ്പുണ്ടെന്ന് പറയും കാരണം അതില്‍ ഒരു ഗുട്ടന്‍സുണ്ട്. നോമ്പില്ലെന്ന് പറഞ്ഞാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാനും എല്ലാത്തിലും വെയിറ്റിംഗ് ലിസ്റ്റില്‍ ആയിരിക്കും. ബസ്സില്ലാത്ത റൂട്ടില്‍ ഓട്ടോ റിക്ഷ കാത്തിരിക്കും പോലെ ആവി ഇട്ടിരിക്കണം. എന്നാല്‍ വെറുതെ നോമ്പുണ്ടെന്ന് പറഞ്ഞാല്‍. കാരണാവന്‍ മാര്‍ പറായും. “ ആ കുട്ടിക്ക് നോമ്പ് ണ്ട് ട്ടോ അവനെ ഇങ്ങോട്ട് ഇരുത്ത് “ എന്ന് പിന്നെ ചെറിയ വി.ഐ.പി. ട്രീറ്റ് മെന്റ് ഒക്കെ കിട്ടുകയും ചെയ്യും. പക്ഷെ വീട്ടിലെ നോമ്പ് തുറക്ക് ഇതൊന്നും നടാക്കില്ല. സാധനം വാങ്ങാന്‍, മറ്റേത് വാങ്ങാന്‍ എന്നൊക്കെ പറാഞ്ഞ് നോമ്പ് നോല്‍ക്കാന്‍ സമ്മതിക്കില്ല. നോമ്പ് നോറ്റാല്‍ പിന്നെ ഒരു പണിയും എടുക്കുകയും വേണ്ടല്ലോ ആയതിനാല്‍ വീട്ടുകാര്‍ തന്ത്രപരമായി നോമ്പ് നോല്‍ക്കാന്‍ സമ്മതിക്കില്ല.

നോമ്പ് നോല്‍ക്കലും വലിയ ഒരു പരിപാടിയാണ്.ആദ്യം ചോറും ചെറിയ രീതിയിലുള്ള കറി, പിന്നെ പപ്പടം, മീന്‍ പൊരിച്ചത് (ഉണക്ക സ്രാവ് ) ആണെങ്കില്‍ നല്ലത്. കട്ടന്‍ ചായ (സുലൈമാനി) ഇതെല്ലാമാണ് പാക്കേജ്. ഈ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ദാഹം ഇല്ലാതിരിക്കാന്‍ നല്ല മൈസൂര്‍ പഴം ചോറില്‍ കുഴച്ച് പഞ്ചസാരയും ഇട്ട് കഴിക്കും. എല്ലാം കൂടി കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വെള്ളവും കുടിക്കും. അതോടെ അത്താഴം പൂര്‍ത്തിയായി അല്ലെങ്കില്‍ നോമ്പിനു വേണ്ട്യുള്ള ഫുള്‍ ബാക്കപ്പ് എന്നും പറയാം.

ഞാന്‍ നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയ കാലം നല്ല ചൂട് കാലത്താണെന്നാണ് എന്റെ ഓര്‍മ. രാവിലെ പത്ത് മണി കഴ്യുമ്പോഴേക്കും തൊണ്ടയില്‍ “കിച്ച് കിച്ച് “ വരും. വിശപ്പും. നോമ്പ് തുറക്കുന്നത് ആറ് മണി കഴിഞ്ഞീട്ടൂം. ആദ്യത്തെ നോമ്പ് ആഘോഷത്തോടെ നോറ്റ് രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. നടക്കുമ്പോഴൊക്കെ രാവിലത്തെ പത്രം നിവര്‍ത്തിയ പോലെ എന്തൊരു ഉത്സാഹം.ഉച്ച കഴിഞ്ഞപ്പോഴേക്കും നനഞ്ഞ പോസ്റ്റര്‍ പോലെ അവശ നിലയിലായി. വിശപ്പും , ദാഹവും, ക്ഷീണവും കൊണ്ട് ഈ പണി ഒരു നടക്ക് പോവൂല എന്ന് മനസ്സിലായി. ഒരു വിധം നമസ്കാരമൊക്കെ കഴിഞ്ഞ് പള്ളിയില്‍ കിടന്ന് ഉറങ്ങിയ എന്നെ എന്റെ അമ്മാവന്‍ ഒരു വിധം എന്ന് വീട്ടില്‍ എത്തിച്ചു. പാതി ബോധത്തില്‍ എപ്പോഴോ ബാങ്ക് വിളി കേട്ട് നോമ്പു തുറന്നു. നോമ്പ് നോറ്റ് വയര്‍ ഒട്ടിയ നാന്‍ നോമ്പ് തുറന്ന് പത്ത് മിനിറ്റിനകം വയറ് ഏതാണ് 1 മുതല്‍ അഞ്ച് ഇഞ്ച് വരെ ഉയര്‍ന്നു. ഒരു നോമ്പ് നോറ്റ്പ്പോഴേക്കും , ഈ നോമ്പിന് ചില ഭേദഗതികള്‍ വേണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അങ്ങനെ യഥാര്‍ത്ത നോമ്പിന്റെ തിക്തമായ അനുഭവം എന്നെ ഒരു കുറ്റവാളിയാക്കുകയായിരുന്നു.

പിന്നെയും ഞാന്‍ നോമ്പുകള്‍ നോറ്റു. പക്ഷെ പള്ളിയില്‍ ഉച്ച നമസ്കാരത്തിന് എത്തുമ്പോഴേക്കും ദാഹിച്ച് അവശ നിലയിലായിട്ടുണ്ടാകും. എല്ലാവരും ‘വുളു’(അംഗ ശുദ്ധി) വരുത്തി എന്നുറപ്പായാല്‍ മെല്ലെ ഹൌളീനടുത്തെത്തും. ആദ്യം കൈ കഴുകും പിന്നെ വായ കഴുകാന്‍ വെള്ളം വായില്‍ എടുക്കും. തണുത്ത ആ വെള്ളം വായിലെത്തുമ്പോള്‍ എന്റെ നോമ്പ് എനിക്ക് ഒരു വെല്ലുവിളീയായി മാറും. കുറച്ച് വെള്ളം അങ്ങോട്ട് കുടിക്കും. ആരെങ്കിലും കണ്ടോ എന്ന് നോക്കും. ഇല്ല. എന്നാല്‍ പിന്നെ കുറഛ് കൂടി. അങ്ങനെ മൂന്നോ നാലോ പ്രാവശ്യം. കഴിഞ്ഞൂ. പിന്നെ എല്ലാം ഒന്ന് ഉഷാറാകും, ദാഹം ഒന്ന് മാറിയാല്‍ പിന്നെ അന്നത്തെ നോമ്പ് മുഴുവനാക്കാം. ഇങ്ങനെ ചെറുപ്പത്തില്‍ അനവധി നോമ്പുകള്‍ നോറ്റിട്ടുണ്ട്.

പിന്നീട് മുതിര്‍ന്നപ്പോള്‍ നല്ല രീതിയില്‍ തന്നെ നോമ്പുകള്‍ എടുത്തു.നോമ്പ് തുറയും അത് കഴിഞ്ഞൂള്ള പള്ളിയില്‍ പോയി നമസ്കാരവും ശേഷം കൂട്ടുകാരുമൊത്തുള്ള സംസാരങ്ങളും എല്ലാം നോമ്പിനെ കുറിച്ചുള്ള നല്ല ഓര്‍മകളാണ്. കൂട്ടുകാരുമൊന്നിച്ച് അടുത്തുള്ള കടയില്‍ പോയി. സോഡാ നാരങ്ങയും, റോജാ പാക്കും തിന്നുക എന്നതും ഒരു നോമ്പ് കാല വിനോദമാണ്. അല്ലാത്ത കാലത്ത് റോജയും , സോഡ നാരങ്ങയും ഒന്നും പതിവില്ലെങ്കിലും നോമ്പിന് അതൊരു രസമായിരുന്നു.

കാലം ഏറെ പോയ് മറഞ്ഞു,പ്രവാസിയായൊ ഇവിടെ എത്തിയപ്പോള്‍ നമ്മുടെ നാട്ടിലെ നോമ്പും നോമ്പു തുറയുമെല്ലാം പോയ് മറഞ്ഞു.ബാച്ചിലര്‍ ആയിരുന്ന കാലത്ത് ഷാര്‍ജ്ജയിലും ദുബായിലും നോമ്പ് തുറക്കാന്‍ പള്ളീകളില്‍ നോമ്പ് തുറക്കുമ്പോള്‍ പാകിസ്ഥാനികളുമായി ഇന്തും തള്ളുമുണ്ടാകുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ രസമാണ്. നാട്ടില്‍ പത്തിരിയും കറിയും , തരിക്കഞ്ഞിയുമൊക്കെ ആണെങ്കില്‍ ഇവിടെ ബിരിയാണിയും, അലീസയും, ലബന്‍ അപ്പും, കുപ്പി ജ്യൂസും ഒക്കെയാണ് വിഭവങ്ങള്‍. നാട്ടില്‍ കൂട്ടൂക്രും കുടുംബക്കാരുമായിട്ടൊക്കെയുള്ള നോമ്പുകാലം മലയാളിക്ക് നഷ്ടം തന്നെയാണ്. എത്രയൊക്കെ സൌകര്യങ്ങളും , വിഭവങ്ങളും ഇവിടെ ഉണ്ട് എങ്കിലും.